Wednesday, January 5, 2011

കണ്ടകശനി തീരുന്ന പുതുവര്‍ഷപുലരിയില്‍ .....

"പുതു വര്‍ഷത്തിന്റെ ആലസ്യത്തിനപ്പുറം ഇന്നലെ വരെ നീ എനിക്ക് പകര്‍ന്നു നല്‍കിയ ഈ ജീവിതത്തിനു മധുരമാണോ കയ്പ്പാണോ എന്നറിയില്ല.എങ്കിലും കഴിഞ്ഞ വര്‍ഷം എനിക്കായ് നല്‍കിയത് ആനന്ദത്തിനതീതമായ് വേര്‍പാടിന്റെ കണ്ണുനീരായിരുന്നു. അധികാരത്തിന്റെ ഗൌരവ സ്ഥാനത്തിനും മേലെ സൌഹൃദം എന്ന ഊഷ്മള ബന്ധം ചാലിച്ചെടുത്ത എന്റെ പ്രിയ അമ്മാവനെ വിധി അകാലമായി, അകാരണമായി തട്ടിയെടുത്തത് പോയ വര്‍ഷമായിരുന്നു. തളര്‍ന്നു പോയ അമ്മമ്മക്ക് നേരെ സാന്ത്വനത്തിന്റെ കൈകള്‍ നീട്ടി ആശ്വസിപ്പിക്കുമ്പോള്‍ കണ്ടകശനിയുടെ അപഹരമെന്നോണം മനസ്സില്‍ തോന്നിയ വിഭ്രാന്തി കഴിഞ്ഞു പോകാനുള്ള ശമ്പളമുള്ള ജോലി ഇവിടെ ഉപേക്ഷിച്ചു ദുബായ് എന്ന സ്വപ്നനഗരത്തെ ഉള്ളം കൈയില്‍ ഒതുക്കാമെന്ന മോഹവുമായ് പറന്നകന്നത് ശരിയാണോ തെറ്റാണോ എന്നിപ്പോളുമറിയില്ല.
അല്ലാഹുവിന്റെ സാന്നിദ്ധ്യമുള്ള ആ വലിയ നഗരത്തില്‍ ചേക്കേറിയപ്പോള്‍ ഇവിടെ പ്രിയപ്പെട്ടവരും കാറ്റും മഴയും ഓര്‍മകളില്‍ മാത്രമായി.ഈ ചെറിയ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കിയ സ്വന്തം പ്രണയിനിയുടെ ശബ്ദത്തിനു പോലും 1Dhm/M എന്ന വില കൊടുക്കേണ്ടി വന്നപ്പോള്‍ ജോലി തേടിയുള്ള നെട്ടോട്ടത്തില്‍ ആ കിളിനാദം പോലും എന്നില്‍ നിന്നന്യമായി തീര്‍ന്നിരുന്നു.പ്രിയ സോദരന്റെ സാമിപ്യം അവിടെ ദൈവതുല്യമായി മാറിയെങ്കിലും ഞാന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പലരും അവരുടെ സൌഹൃദം ഹോട്ടെലുകളിലെ ഒരു ടിന്‍ ബിയറില്‍ ഒതുക്കി വിട പറഞ്ഞു.Facebookലെയും Orkutലെയും സൌഹൃദങ്ങള്‍ക്ക് professional വിദ്യാഭ്യാസത്തിന്റെ പുറം മോടി മാത്രമേ ഉള്ളു എന്നു ഞാന്‍ തിരിച്ചറിഞ്ഞു.എങ്കിലും ഞാന്‍ പോലും പ്രതീക്ഷിക്കാതെ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച ഒരു പൂച്ചകുട്ടിയെ (പൂച്ചയാണെങ്കിലും ആള് പുലിയാണ് കേട്ടോ...) കണ്ണുനീര്‍ സാക്ഷിയാക്കി ഞാന്‍ കെട്ടി പിടിച്ചു.മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു കമ്പനി നല്‍കിയ ഉറപ്പിന്മേല്‍ തിരിച്ചു മുംബൈയിലേക്ക് പറക്കുമ്പോള്‍ Oman Airways ലെ തരുണീ മണികളുടെ സൌന്ദര്യമോ ഗ്ലാസില്‍ പകര്‍ന്നു നല്‍കിയ ലഹരിയോ എന്നെ ഉന്മത്തനാക്കിയില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തകര്‍ത്താടിയ മുംബൈ നഗരം ഒരു പരിചിത ഭാവം പോലും കാണിക്കുന്നില്ലേയെന്നു ഞാന്‍ ഭയപ്പെട്ടു.പണ്ടെന്നോട് കഥ പറയാറുണ്ടായിരുന്ന നേത്രാവതി express ന്റെ ജനല്‍ കമ്പികള്‍ പോലും എന്നെ പരിഹസിക്കുന്നതായി എനിക്ക് തോന്നി.ഇവിടെ എന്റെ നാട്ടില്‍ ,എന്നെ നീരാടാന്‍ പഠിപ്പിച്ച ചാലിയാറിന്റെ ഭാവം രൌദ്രമായി മാറുന്നു.എങ്കിലും എനിക്കായ് ദൈവം തീര്‍ത്ത സ്വര്‍ഗ്ഗ ഭവനത്തില്‍ എനിക്ക് നേരെ നീട്ടുന്ന ഭക്ഷണത്തിന് പോലും സ്നേഹത്തിന്റെ സ്വര്‍ണ നിറമുണ്ടിപ്പോള്‍ .ശബ്ദത്തിലൂടെ സദാ സാന്നിധ്യമറിയിക്കുന്ന,എന്നെ ആലിംഗനം ചെയ്യുന്ന പ്രിയതമയുടെ സാമിപ്യം എന്നെ ഊര്‍ജ്ജ സ്വലനാക്കി തീര്‍ത്തിരിക്കുന്നു.പണ്ടെങ്ങോ ഓര്‍മയില്‍ ഒരു പൊന്‍ തൂവലായി സൂക്ഷിച്ചിരുന്ന പ്രിയ സുഹൃത്തിന്റെ പ്രണയ സാക്ഷാത്കാരത്തില്‍ പങ്കെടുത്തപ്പോള്‍ അറിയാതെയെങ്കിലും അതില്‍ ഞാന്‍ പങ്കാളിയായതില്‍ സ്വയം ക്രിതാര്‍ത്തനായ് ...ഒരിക്കല്‍ കൂടി പൊന്നോണത്തിന്റെ സൗന്ദര്യവും, X'mas ന്‍റെ ലഹരിയും ഞാനറിഞ്ഞു........."
പിന്നെയും ഒരുപാട് ഉദയാസ്തമയങ്ങള്‍ എനിക്ക് മുന്നിലൂടെ നൃത്തം വെച്ചു പോയ്‌ മറഞ്ഞു.പുത്തന്‍ പ്രതീക്ഷകളുമായ് ഒരു വര്‍ഷം കൂടി സമാഗതമായ്..എനിക്കന്ന്യമായതെല്ലാം പോയ വര്‍ഷത്തിന്റെ നഷ്ടങ്ങള്‍ മാത്രമാണെന്ന് സ്വയം ആശ്വസിച്ചു...കണ്ടക ശനി തീര്‍ന്നെന്ന മാധവ പണിക്കരുടെ വാക്കില്‍ വിശ്വസിച്ചു ഈ കണ്ണുകള്‍ പിന്നെയും കിഴക്കേ ചക്രവാളത്തെ പുണരുകയാണ്...ഈ പുലരിയിലെങ്കിലും കടലിന്നക്കരെ നിന്ന് എനിക്ക് നേരെ പറന്നു വരുന്ന എന്റെ ആ വിസയും കാത്ത്‌......

3 comments:

  1. പുതുവര്‍ഷം എല്ലാ പ്രതീക്ഷകളെയും സജീവമാക്കി നിലനിര്‍ത്തട്ടെ!

    ReplyDelete
  2. Facebookലെയും Orkutലെയും സൌഹൃദങ്ങള്‍ക്ക് professional വിദ്യാഭ്യാസത്തിന്റെ പുറം മോടി മാത്രമേ ഉള്ളു എന്നു ഞാന്‍ തിരിച്ചറിഞ്ഞു

    ReplyDelete
  3. എനിക്കങ്ങനെയാണ് മാഷേ..... തോന്നുന്നത്....

    ReplyDelete