Saturday, January 19, 2013

കലാതിലകം


സ്വന്തം അച്ഛന്‍ പഠിപ്പിക്കുന്ന സ്ക്കൂള്‍ ആയതു കൊണ്ട് ഒരുപാടു തവണ തെറ്റി കളിച്ചിട്ടും സബ് ജില്ലയിലെക്കെത്തി ..
സബ്ജില്ലയില്‍ കളി തുടങ്ങി തുടരെ അടി പതറി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍പിലെ വിധി കര്‍ത്താക്കളെ ഒന്നു നോക്കി ..
അതാ കണ്ണിറുക്കി കാണിക്കുന്നു എന്റെ അമ്മ.....
ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പേ അച്ഛന്‍ ഒരു വക്കീലിനെ വെച്ചു സംസ്ഥാനത്തേക്ക് അപ്പീല്‍ കൊടുക്കാന്‍ ...
അങ്ങനെ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാനകലോല്‍സവത്തിന്റെ വിധിപ്രഖ്യാപനം വന്നു...
പങ്കെടുത്ത 27 മത്സരാര്തികള്‍ക്കും A ഗ്രേഡ് ..
30 മാര്‍ക്ക്‌ കിട്ടിയല്ലോ എന്ന സന്തോഷത്തിലിരിക്കുമ്പോള്‍ അച്ഛന്‍ ദേഷ്യത്തോടെ എന്റെ അരികിലിരുന്നു വക്കീലിനെ വിളിച്ചു പറയുന്നത് കേട്ടു
"ഒരു അപ്പീല്‍ കൂടി കൊടുക്കണം മോള്‍ക്ക്‌ ഒന്നാം സ്ഥാനമില്ല "

Thursday, July 12, 2012

ഒന്നും എഴുതാന്‍ ശ്രമിക്കരുത്..!



ഒന്നും എഴുതാന്‍
ശ്രമിക്കരുതത്രേ...!
നീ,നിങ്ങള്‍
പിന്നെ സമൂഹം
എന്നോട് പറയുന്നു-
ഒന്നും എഴുതാന്‍
ശ്രമിക്കരുത്..!

ഒരിക്കല്‍
'വഷളന്റെ' പുറകെ പോയി
എഴുതാനൊരുങ്ങിയപ്പോള്‍
നിങ്ങള്‍ പറഞ്ഞു
"പ്രായമായില്ല"

'നാലുകെട്ടി'നപ്പുറത്തേക്ക്
കണ്ണുകള്‍ പറന്നപ്പോള്‍
നീ വീണ്ടും പറഞ്ഞു
"കുടുംബം തകര്‍ക്കരുത്"-

തെരുവോര കഥ പറയാന്‍
തൂലികയെടുത്തപ്പോള്‍
നീ പരിഹസിച്ചു-
"അനുഭവമില്ലാത്തവന്‍ "

ഒടുവില്‍
നേരിന്റെ
പൊരുള്‍ തേടി
അനുഭവങ്ങള്‍ക്കായ്‌
അലയാനൊരുങ്ങിയപ്പോള്‍
നിങ്ങള്‍ ഉറക്കെ പറഞ്ഞു
"ആര്‍ക്കും വേണ്ടാത്തവന്‍ ഇനിയെന്തെഴുതാന്‍ ?"

Tuesday, October 18, 2011

എന്റെ ചെമ്പകപൂവിനായ്....

ഉമ്മറ മുറ്റത്തെ
ചെമ്പകപ്പൂ
എന്നോട് പറഞ്ഞു....
"എന്റെ നറുമണം
നിനക്ക് വേണ്ടിയാണ്,,,
ഈ പരിശുദ്ധി-
നിന്നെ കുളിരണിയിക്കുമെങ്കില്‍
ഇതാ..

ഞാന്‍ എന്നെ
നിനക്ക്
നല്‍കുന്നു...."
ഒരു
ഗദ്ഗദത്തോടെ
ഞാന്‍ അവളെ പുണര്‍ന്നു
കണ്ണുനീര്‍ സാക്ഷിയാക്കി
സ്വയം മൊഴിഞ്ഞു...
നിന്റെ സുഗന്ധവും
ശരീരവും
എനിക്കുള്ളതാണ്...
എങ്കിലും,,,നീ
എനിക്കായ്
സ്വയം സമര്‍പ്പിക്കുമ്പോള്‍...
വേദനയോടെ
നീ പുഞ്ചിരിച്ചാലും
നിന്നില്‍ നിന്നും
പൊഴിയുന്ന
ഓരോ തുള്ളി രക്തത്തിലും
നിശ്ചലമാകുന്നത്
എന്റെ
ഹൃദയമാണ്.